പളനിസ്വാമി സര്‍ക്കാരിനെ പുറത്താക്കും: ദിനകരന്‍

ചെന്നൈ: പളനിസ്വാമി സര്‍ക്കാരിനെ പുറത്താക്കുമെന്ന് ടി.ടി.വി. ദിനകരന്‍. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ദിനകരന്‍ പറഞ്ഞു. അണ്ണാ ഡിഎംകെയില്‍നിന്നു ദിനകരനെയും ശശികലയെയും പുറത്താക്കിയതിനു പിന്നാലെയാണ് ദിനകരന്റെ പ്രതികരണം. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിയമവിരുദ്ധമാണ്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ദിനകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും സംയുക്തമായി വിളിച്ചു ചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗമാണ് ദിനകരനെയും ശശികലയെയും പുറത്താക്കിയത്. ഇന്നു ചേര്‍ന്ന ജനറല്‍ കൗണ്‍സിലിനെതിരെ ദിനകരന്‍ പക്ഷം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനറല്‍ സെക്രട്ടറിക്ക് മാത്രമാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അധികാരമെന്നും അതിനാല്‍ യോഗത്തിന് സ്റ്റേ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ യോഗത്തിന് കോടതി അനുമതി നല്‍കുകയായിരുന്നു.

234 അംഗ നിയമസഭയില്‍ പളനിസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേര്‍ വേണം. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കുള്ളത്. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *