അന്‍വര്‍ എംഎല്‍എ കോണ്‍ഗ്രസ് ബന്ധം; സുധീരന് സിദ്ദീഖിനെ സംശയം, എനിക്കൊരു ബന്ധവുമില്ലെന്ന് സിദ്ദീഖ്

കോഴിക്കോട്:അനധികൃത ഭൂമിയില്‍ വാട്ടര്‍തീം പാര്‍ക്ക് സ്ഥാപിച്ച ഇടത് സ്വതന്ത്ര എം എല്‍ എയായ പി വി അന്‍വറിന് കൂട്ടുനില്ക്കുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍.

കെ പി സി സിയും പാര്‍ലമെന്ററി പാര്‍ട്ടിയും എടുത്ത നിലപാടിനും നിയമസഭയില്‍ സ്വീകരിച്ച നിലപാടിനും എതിരായി യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ നിലകൊള്ളില്ല. എന്നാല്‍ അന്‍വറിന് സഹായകരമായ നിലപാടെടുത്ത മണ്ഡലം കമ്മിറ്റിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ എന്ന് സുധീരന്‍ ചോദിച്ചു.

ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖിനെ വേദിയിലിരുത്തിയായിരുന്നു സുധീരന്റെ വിമര്‍ശം. ഇന്നലെ വൈകീട്ട് അളകാപുരിയില്‍ നടന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പി മൊയ്തീന്‍ രണ്ടാം അനുസ്മരണ വാര്‍ഷിക ചടങ്ങിലാണ് സുധീരന്റെ വിമര്‍ശമുണ്ടായത്.

എന്നാല്‍ താനും അന്‍വറുമായ് ഒരുവിധ ബന്ധവുമില്ലെന്ന് പറഞ്ഞാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സിദ്ദീഖ് ഇതിന് മറുപടി നല്‍കിയത്. മാത്രമല്ല അന്‍വറിന് എതിരായ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതും താനായിരുന്നു. അവിടെ (കൂടരഞ്ഞിയില്‍) പ്രാദേശികമായ് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് ശരിയാണ്.

പക്ഷേ, കോണ്‍ഗ്രസ് കൃത്യമായ നിലപാട് തന്നെ സ്വീകരിച്ചു. അവിടെ പഞ്ചായത്ത് അംഗം കൂടിയായ മണ്ഡലം പ്രസിഡന്റ് ജോസാണ് വിഷയം പഞ്ചായത്ത് ഭരണസമിതിയില്‍ ഉന്നയിച്ചതും ക്രമക്കേട് ചൂണ്ടിക്കാട്ടിയതും പത്രവാര്‍ത്തയായ് പുറത്തുകൊണ്ടുവന്നതും. ജോസിന്റെ കമ്മിറ്റിക്കെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര ഗൗരവമായ് പുറത്തുവരില്ലായിരുന്നു.

അന്‍വറിനെതിരായ സമരം ശക്തമാക്കിയതിനൊപ്പം അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ആരെയും പാര്‍ട്ടിക്ക് പുറത്തെത്തിക്കാതെയാണ് വിഷയത്തില്‍ ഡി സി സി നിലപാട് എടുത്തതെന്ന് സിദ്ദീഖ് വ്യക്തമാക്കി. എന്നാല്‍ സിദ്ദീഖിന് അന്‍വറുമായ് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *