അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരിയും ഉമ്മന്‍ചാണ്ടിയും

മലപ്പുറം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്.

അമിത് ഷാ ആട്ടിന്‍ തോലിട്ട ചെന്നായയാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണ് നരേന്ദ്രമോദിയും അമിത് ഷായുമെന്ന് കോടിയേരി പറഞ്ഞു. വംശഹത്യയുടെ ചോരക്കറ പുരണ്ടവരാണ് കേരളത്തെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളമടക്കം സി.പി.എമ്മിന് സ്വാധീനമുള്ള എല്ലാ സംസ്ഥാനങ്ങളിലും അക്രമവും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് കോടിയേരി രംഗത്തെത്തിയിട്ടുള്ളത്.

കേരളത്തില്‍ സി.പി.എം മുന്നണി അധികാരത്തില്‍ വന്നപ്പോഴൊക്കെ അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്നും ബംഗാളിലും ത്രിപുരയിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അമിത് ഷാ ആരോപിച്ചിരുന്നു. അക്രമത്തിന്റെ ചെളിക്കുണ്ടില്‍ എത്ര ആഴത്തില്‍നിന്നായാലും താമര വിരിയുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം പയ്യന്നൂരില്‍ നിര്‍വഹിക്കവെയാണ് അമിത് ഷാ സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.
കേരളത്തെ അടച്ചാക്ഷേപിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *