തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ദൂരൂഹത: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റം അതീവഗുരുതരമാണെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് അംഗീകരിച്ചിട്ടും തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് വളരെ ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഭൂമി കയ്യേറ്റമുള്‍പ്പെടെ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എന്നിട്ടും എന്തിനാണ് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രിവ്യക്തമാക്കണം.ഭൂസംരക്ഷണ നിയമത്തില്‍ വിവക്ഷിച്ചിട്ടുള്ള ക്രിമനല്‍ കുറ്റമുള്‍പ്പെടെ നിരവധി ഗുരുതരമായ കണ്ടെത്തലുകളാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ഭരണഘടന പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ഒരാള്‍ഇത്രയും ഗൗരവതരമേറിയ തെറ്റുകള്‍ചെയ്തുവെന്ന് കണ്ടെത്തിയ സ്ഥിതിക്ക് ഒരു നിമിഷം പോലും അദ്ദേഹത്തെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്.

നിയമസഭയില്‍ നിന്ന് ജനങ്ങളെയും ജനപ്രതിനിധികളെയും വെല്ലുവിളിച്ച തോമസ് ചാണ്ടി ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രാജിവെച്ച് പുറത്ത് പോവുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *