പഠനത്തില്‍ മകന്‍ പിറകിലാണോ. പെണ്‍കുട്ടികള്‍ കൂടുതലുള്ള സ്‌കൂളിലേക്ക് അവനെ മാറ്റിയാല്‍ കഥ മാറിയേക്കും. നെതര്‍ലന്‍ഡിലെ യുട്രെച്ച് സര്‍വകലാശാലാ ഗവേഷകരാണ് എതിര്‍ലിംഗക്കാര്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ മികവുകാട്ടുമെന്ന് കണ്ടെത്തിയത്.
സ്‌കൂളിലെ പഠനാന്തരീക്ഷം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ സ്വാധീനിക്കും. എന്നാല്‍, എതിര്‍ലിംഗക്കാര്‍ കൂടുതലുള്ളതിന്റെ ഗുണം കൂടുതല്‍ ലഭിക്കുന്നത് ആണ്‍കുട്ടികള്‍ക്കായിരിക്കും.
പഠനത്തില്‍ ഉയര്‍ന്ന ഏകാഗ്രത, മികവുകാട്ടാനുള്ള പ്രചോദനം എന്നിവ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ്. ഇവ ആണ്‍കുട്ടികളെ സ്വാധീനിക്കുകയും പഠനത്തില്‍ കൂടുതല്‍ മികവുകാട്ടാന്‍ അവര്‍ക്ക് പ്രചോദനമാവുകയും ചെയ്യും. യുട്രെച്ച് സര്‍വകലാശാലാ ഗവേഷകന്‍ മാര്‍ഗ്രിറ്റ് വാന്‍ ഹിക്ക് ചൂണ്ടിക്കാട്ടി.
പതിനഞ്ചിനോടടുത്ത് പ്രായക്കാരായ രണ്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകരുടെ നിഗമനം. അറുപത് ശതമാനത്തിലേറെ പെണ്‍കുട്ടികളുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ മികവുകാട്ടിയതായി പഠനം വ്യക്തമാക്കി. ആണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് പഠനത്തിന് ഗുണകരമല്ലെന്നും സ്‌കൂള്‍ എഫക്ടീവ്‌നസ്സ് ആന്‍ഡ് സ്‌കൂള്‍ ഇംപ്രൂവ്‌മെന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം സ്ഥാപിക്കുന്നു.
