തിരുവനന്തപുരം: രോഗികളോട് ധിക്കാരപൂര്‍വ്വം പെരുമാറിയ ഇടുക്കി സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. ആശുപത്രി ജീവനക്കാരി രോഗികളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് നടപടിക്ക് ആസ്പദമായ സംഭവം. രോഗികള്‍ക്ക് ടോക്കണ്‍ നല്‍കാത്ത ജീവനക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
