തര്‍ക്കത്തിന്റെ പേരില്‍ ആരും മുതലെടുപ്പ് നടത്താമെന്ന് കരുതേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം : സിപിഐഎംസിപിഐ തര്‍ക്കം തുടരാന്‍ ആഗ്രഹമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമൊന്നും മുന്നണിയിലില്ല. ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്താമെന്ന് ആരും കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.

ഇതിനിടെ സിപിഐക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. ഒറ്റയ്ക്കു നിന്നാല്‍ ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നു കാണാമെന്ന് കാനം പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എല്‍ഡിഎഫ് യോഗത്തിലെ തീരുമാനമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു. ഇസ്മയില്‍ എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന് അറിയില്ല, യോഗത്തിനുശേഷം അദ്ദേഹത്തിന് സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.

കാബിനറ്റ് യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചിട്ടില്ല. പങ്കെടുക്കാതിരിക്കുകയാണ് ചെയ്തതെന്നും കാനം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *