ഇന്ത്യയെ സംരക്ഷിക്കും, കോൺഗ്രസ്‌ അധ്യക്ഷനായി രാഹുൽ

ഇന്ത്യയുടെ ചരിത്രവും വർത്തമാനവും ഭാവിയും സംരക്ഷിക്കുമെന്ന് കോൺഗ്രസ്‌ അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധി. രാജ്യത്തെ പുറകോട്ടു നടത്താനാണ് ബിജെപി ശ്രമം. ഈ രാജ്യത്തിലും ജനങ്ങളിലുമുള്ള വിശ്വാസമാണ് തന്നെ രാഷ്‌ടീയത്തിൽ എത്തിച്ചതെന്നും രാഹുൽ വ്യക്തമാക്കി.

 

ഒറ്റയ്ക്ക് പോരാടാൻ സാധിക്കാത്തവർക്കൊപ്പം ചേർന്നാണ് പോരാട്ടമെന്നു രാഹുൽ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകത അതായിരുന്നു. ബിജെപി എതിർ ശബ്ദത്തെ അടിച്ചമർത്തുന്നു. നാം അത് അനുവദിക്കുന്നു. അവർ നമ്മളെ അപമാനിക്കുന്നു. നാം അവരെ ബഹുമാനിക്കുന്നു. അവർക്കു നമ്മളോട് ദേഷ്യമാണ്. നമ്മുക്ക് അവരോടു സ്നേഹമാണ്. 13 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചു. ജനങ്ങളാണ് നമ്മുടെ കവചം. മഹാന്മാർ നടന്ന പാതയാണെന്ന ഓർമ എപ്പോഴും ഉണ്ടാകും. വിനയത്തോടെ ഞാൻ ഈ സ്ഥാനം ഏറ്റെടുക്കുന്നു -രാഹുൽ പറഞ്ഞു.

 

തീയിട്ടാൽ പിന്നെ ബാക്കി ഒന്നും കാണില്ല. ഇതാണ് നാം ബിജെപിയോട് പറയുന്നത്. രാജ്യത്തെ പൊള്ളിക്കുന്ന ഈ തീ കെടുത്താനാണ് കോൺഗ്രസ്‌ ശ്രമം. രാജ്യത്തിന്റെ നാശത്തിനായി അധികാരം ഉപയോഗിക്കുന്നവരാണ് ബിജെപി. എന്നാൽ അവർക്കെതിരെ നാം നട്ടെല്ലുയർത്തി നിൽക്കും. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദത്തെ പ്രതിരോധിക്കാൻ കോൺഗ്രസ്‌ മുന്നിലുണ്ടാവുമെന്നും രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *