ന്യൂഡല്‍ഹി: അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്ന് മകള്‍ പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം ഏല്‍ക്കുന്ന ചടങ്ങിന് ശേഷം ഒരു ദേശീയ മാധ്യമത്തോടാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ സൂചന നല്‍കിയ സോണിയയുടെ സ്ഥാനത്തേക്ക് റായ്ബറേലിയില്‍ പ്രിയങ്കയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
റായ്ബറേലിയില്‍ നിന്നും താന്‍ ജനവിധി തേടുമോ എന്ന ചോദ്യത്തിന്റെ ആവശ്യമേയില്ല. സോണിയ തന്നെ അവിടെ നിന്നും മത്സരിക്കും. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സോണിയയെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അമ്മ തുടരുമെന്നും പ്രിയങ്ക വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയത്തില്‍ തന്റെ റോള്‍ കഴിഞ്ഞുവെന്നും വിരമിക്കുകയാണെന്നും സോണിയ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ പേര് വീണ്ടും ഉയര്‍ന്നു കേട്ടു തുടങ്ങിയത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് കാലത്തും പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു.
