ഐസ്വാള്‍: മിസോറാമിലെ തുയിരിയാല്‍ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അറുപത് മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണ് ഇത്. തുയിരിയാല്‍ നദിയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. മിസോറാമിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിതെന്നും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ എക്കോ ടൂറിസം സാധ്യതയെ ഇത് വര്‍ധിപ്പിക്കും. ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനും പദ്ധതി സഹായകരമാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ ഫലം എല്ലാവരിലും എത്തുമ്ബോള്‍ മാത്രമേ പുതിയ ഇന്ത്യ എന്ന ലക്ഷ്യം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിപദത്തിലെത്തിയതിനു ശേഷം ഇതാദ്യമായാണ് മോദി മിസോറാം സന്ദര്‍ശിക്കുന്നത്.
വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ ഡി എ സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ മോദി പ്രസംഗത്തില്‍ അഭിനന്ദിച്ചു. വാജ്പേയിയുടെ കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനു വേണ്ടി അര്‍ഥപൂര്‍ണമായ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
