‘മുഖ്യമന്ത്രിക്ക് പറന്ന് നടക്കാനുള്ളതല്ല ഓഖി ദുരിതാശ്വാസ നിധി; ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച പണംദുരന്തമേഖലയില്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്എഫ്

കോഴിക്കോട്: ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കില്ലെന്ന് എംഎസ്എഫ്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള പണം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വേണ്ടി നല്‍കാനുള്ള വിവാദ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് എംഎസ്എഫിന്റെ നടപടി.

സംസ്ഥാനത്തെ കാന്പസുകളില്‍ നിന്നാണ് ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി എംഎസ്എഫ് പണം പിരിച്ചത്. പിരിച്ചെടുത്ത പണം ദുരന്തമേഖലയില്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്എഫ് നേതൃത്വം അറിയിച്ചു.

ദുരന്തനിവാരണ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച സംഭവം വിവാദമായതോടെ വിഷയത്തില്‍ സിപിഎം ഇടപെട്ടു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ട് ലക്ഷം രൂപ പാര്‍ട്ടി നല്‍കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തു കഴിഞ്ഞു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്ത് പണം നല്‍കാന്‍ തീരുമാനമെടുക്കും.

സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍നിന്നു മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനും തിരികെ മടങ്ങാനും മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള തുക അനുവദിച്ചതു സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണെന്ന വാര്‍ത്ത ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ഇതോടെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നേരിടേണ്ടി വന്നത്. സംഭവത്തില്‍ പ്രതിപക്ഷം കടുത്ത് എതിര്‍പ്പും രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *