വടകര:തീവെപ്പ് തുടര്‍ക്കഥയാകുന്ന തോടന്നൂരില്‍ സിപിഎം ഓഫീസ് വീണ്ടും തീവെച്ച് നശിപ്പിച്ചു.പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന തോടന്നൂരിലെ മത്തായി ചാക്കോ സ്മാരക മന്ദിരത്തിനു നേരെയാണ് വീണ്ടും ഇന്നലെ തീവെപ്പുണ്ടായത്.തിങ്കളാഴ്ച വൈകീട്ട് പ്രവര്‍ത്തകര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് തീവെച്ച വിവരം അറിഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതിനാല്‍ ഓഫീസിലെ വാതിലിനോട് ചേര്‍ന്നുള്ള കട്ടില പൂര്‍ണ്ണമായും കത്തിനശിച്ചു.
ഓഫീസില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഫര്‍ണ്ണിച്ചറുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.തീ പടര്‍ന്ന് പിടിക്കാത്തതാണ് തീ വെച്ച കാര്യം പരിസരവാസികള്‍ അറിയാതെ പോയത്. തോടന്നൂരില്‍ സിപിഎം,ലീഗ് ഓഫീസുകള്‍ക്ക് നേരെ നേരത്തെ പല തവണ അക്രമം ഉണ്ടായിട്ടുണ്ട്.തീവെപ്പിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു.ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ തോടന്നൂരില്‍ പ്രകടനം നടത്തി.
