സംസ്ഥാന വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. കഴിഞ്ഞ 12നാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയായിരുന്നു കഴിഞ്ഞ പതിനൊന്ന് മാസമായി വിജിലന്‍സിന്റെ അധികചുമതല വഹിച്ചിരുന്നത്.

ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറുടെ അധികച്ചുമതല വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അസ്താനയെ ഡയറക്ടറായി നിയമിച്ചത്. ബെഹ്‌റയുടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വിജിലന്‍സിന് സ്വതന്ത്ര ഡയറക്ടറെ നിയമിക്കാത്തിന് കഴിഞ്ഞ കുറേക്കാലമായി ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ത്തിയിരുന്നത്. അടുത്തിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ പല അഴിമതിക്കേസുകളും അവസാനിപ്പിക്കാനുള്ള വിജിലന്‍സ് തീരുമാനത്തിനെതിരെയും വന്‍വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ വിജിലന്‍സ് ഡയറക്ടറും സര്‍ക്കാരും ഏറെ പഴി കേള്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അസ്താനയെ അടിയന്തരമായി വിജിലന്‍സ് സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *