കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ ഉറച്ച നിലപാട് സ്വീകരിക്കണം: എംഎ ബേബി

കൊല്ലം: രാഷ്ട്രീയകൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കൊലപാതകങ്ങളിലൂടെയല്ലെന്ന് എംഎ ബേബി പറഞ്ഞു. കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൊല്ലത്ത് അഭിപ്രായപ്പെട്ടു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ബേബിയുടെ പ്രതികരണം. രാഷ്ട്രീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കൊലപാതകമല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ അണികളെ ബോധവത്കരിക്കണം. എംഎ ബേബി പറഞ്ഞു.

ശുഹൈബ് വധത്തിലെ പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് പൊലീസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊത്തം അഞ്ച് പേരാണ് കുറ്റകൃത്യത്തില്‍ പങ്കെടുത്തത്. കൊലയില്‍ നേരിട്ട് പങ്കെടുത്ത ആദ്യ നാല് പ്രതികളും സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *