ശുഹൈബ് വധക്കേസ്: ഹാജരാക്കിയത് യഥാര്‍ത്ഥ പ്രതികളെയല്ല; എംഎം ഹസന്‍

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി പിസി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹാജരാക്കിയ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ തില്ലങ്കേരി വഞ്ഞേരിയിലെ എംവിആകാശ് (24), കരുവള്ളിയിലെ രജിന്‍ രാജ് (26) എന്നിവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് കെപിസി.സി പ്രസിഡണ്ട് എംഎം ഹസന്‍. കാസര്‍കോട് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയ ഹസന്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശുദ്ധ തട്ടിപ്പാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കൃത്യം നടന്ന് അഞ്ച് ദിവസം കഴിഞ്ഞ് പാര്‍ട്ടി അറിവോടെ രണ്ട് പേരെ ഹാജരാക്കിയത്. കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. ഇപ്പോഴുള്ള അന്വേഷണം പ്രഹസനമാവുമെന്ന കാര്യത്തില്‍ സംശയമില്ല. നാളെ കണ്ണൂര്‍ കലക്ടറേറ്റ് ഹാളില്‍ വിളിച്ച സമാധാന കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും.

എന്നാല്‍ ഇതില്‍ വലിയ പ്രയോജനം കാണുന്നില്ല. സി പിഎം. നേതൃത്വം കണ്ണൂരില്‍ നടത്തുന്ന കൊലപാതകവും അക്രമവും നിര്‍ത്താത്തിടത്തോളം ഒരു സമാധാന യോഗത്തിനും ഒരു പ്രസക്തിയുമില്ല-ഹസന്‍ പറഞ്ഞു. സമാധാന യോഗത്തില്‍ മുഖ്യമന്ത്രിയും കണ്ണൂരിലെ മന്ത്രിമാരും പങ്കെടുക്കാതെ മന്ത്രി എം.കെബാലനെയാണ് അയക്കുന്നത്. ഇത് എന്തിനാണ് അദ്ദേഹം ചോദിച്ചു. ഏപ്രില്‍ 7ന് കാസര്‍കോട് നിന്നും കെപിസിസിയുടെ നേതൃത്വത്തില്‍ കേരള മോചനയാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *