അമേരിക്കയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ വിവിധ ഏജന്‍സികള്‍ നടത്തിയ തിരിച്ചിലിനിടെ നദിയില്‍നിന്ന് കണ്ടെത്തി. യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളി (41), ഭാര്യ സൗമ്യ തോട്ടപ്പിള്ളി (38), മക്കളായ സിദ്ധാന്ത് (12) സാചി (ഒമ്ബത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്. ഇവരുടെ വാഹനം ഈല്‍ നദിയില്‍ വീണുവെന്നാണ് കരുതുന്നത്.

പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ഹൊസേയിലെക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഏപ്രില്‍ ആറിന് ഈല്‍ നദിയില്‍ വീണ മെറൂണ്‍ നിമുള്ള വാഹനത്തിലെ യാത്രക്കാരെ രക്ഷപെടുത്താന്‍ അധികൃതര്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ നദിയില്‍ വീണതെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ വാഹനത്തിന്റെ ഭാഗങ്ങള്‍ അടക്കമുള്ളവ കണ്ടെത്താന്‍ കഴിഞ്ഞത്.

തോട്ടപ്പിള്ളി കുടുംബാഗങ്ങള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മറ്റുവസ്തുക്കളും രണ്ടുദിവസം നീണ്ട തിരച്ചിലിനിടെ കണ്ടെത്തിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇവയില്‍ പലതും കാണാതായവരുമായി അടുപ്പമുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈല്‍ നദിയില്‍ 12 മൈല്‍ ദൂരത്തിലുള്ള പ്രദേശം മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നദിയില്‍നിന്ന് കണ്ടെത്തിയ വാഹന ഭാഗങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തോട്ടപ്പിള്ളി കുടുംബാംഗങ്ങള്‍ ഏപ്രില്‍ ആറിന് സാന്‍ ഹൊസേയിലുള്ള സുഹൃത്തിനെ കാണാന്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ അഞ്ചിനുശേഷം കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ഏപ്രില്‍ എട്ടിനാണ് ഇവരെ കാണാനില്ലെന്ന പരാതി സാന്‍ ഹൊസേ പോലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *