കത്‌വ കേസ് പുറത്തു കൊണ്ടുവന്നത് സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ്

ശ്രീനഗര്‍: രാജ്യത്തെ ഇളക്കിമറിച്ച എട്ടുവയസ്സുകാരിയുടെ ബലാല്‍സംഗ കൊലപാതകത്തിന്റെ ചുരുളഴിച്ചത് സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം. ജമ്മു കശ്മീരിലെ എട്ടുവയസ്സുകാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയത് പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിലൂടെയായിരുന്നു. വിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തോടൊപ്പം മറ്റ് തെളിവുകളും സമര്‍പ്പിക്കാനായത് സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത പൊലീസ് സംഘത്തിന്റെ മികവാണ് തെളിയിക്കുന്നത്.

എട്ടുയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെയും മയക്കുമരുന്ന് നല്‍കിയതിന്റെയും തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തതിന്റെയും വിശദാംശങ്ങള്‍ പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ഹിന്ദു ഏക്ത മഞ്ച് രംഗത്തെത്തിയിരുന്നു. ജമ്മുകശ്മീരിലെ ബി.ജെ.പി എം.എല്‍.എമാരായ ചൗധരി ലാല്‍ സിങ്ങും ചന്ദര്‍ പ്രകാശ് ഗംഗയും കുറ്റവാളികളെ അനുകൂലിച്ചുകൊണ്ട് റാലികളില്‍ പങ്കെടുത്തിരുന്നു. ബാര്‍ അസോസിയേഷനും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ രംഗത്തെത്തി. ഇത്തരത്തിലുള്ള എല്ലാ പ്രതികൂല അവസ്ഥകളേയും അതിജീവിച്ചാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

െ്രെകബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ടായ രമേഷ് കുമാര്‍ ജല്ലയും സംഘവും റെക്കോര്‍ഡ് സമയത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഹൈകോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം ശേഷിക്കെയാണ് ഏപ്രില്‍ 9ന് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. മുസ്ലിം നാടോടി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടിയുടെ കേസ് അന്വേഷണത്തില്‍ കശ്മീരി പണ്ഡിറ്റായ രമേഷ് കുമാര്‍ ജല്ല പ്രകടിപ്പിച്ച സത്യസന്ധത ആരേയും അദ്ഭുതപ്പെടുത്തും.

കേസ് മൂടിവെക്കാന്‍ ശ്രമിച്ച ഗൂഢാലോചനയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും 4 പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു എന്നതും കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തില്‍ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതായി ജല്ലക്കും അറിവില്ലായിരുന്നു. പ്രതികള്‍ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവര്‍ ഒന്നും പറഞ്ഞില്ല. മാത്രമല്ല, പ്രദേശത്തെ ഒരു പയ്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു ഇവരുടെ മൊഴി.

മൃതദേഹം ലഭിച്ച സ്ഥലത്ത് ചെളി ഇല്ലാതിരുന്നിട്ടും പെണ്‍കുട്ടിയുടെ ശരീരത്തില്‍ പറ്റിപിടിച്ചിരുന്ന ചെളി മറ്റൊരു പ്രദേശത്തുവെച്ചാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നതിന് തെളിവായിരുന്നു. എന്നാല്‍ അന്വേഷണം ഈ വഴിക്ക് നീങ്ങവെ ഫോട്ടോയിലെ ചെളി അപ്രത്യക്ഷമായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കേസില്‍ ഇടപെടുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അലക്കി വെച്ചിരുന്നു എന്നുകൂടി ബോധ്യമായതോടെ കള്ളന്‍ കപ്പലില്‍ തന്നെ എന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി.

ജല്ലയും സംഘവും അന്വേഷണത്തിനായി ക്ഷേത്രത്തിലെത്തുമ്‌ബോള്‍ പെണ്‍കുട്ടിയെ അവിടെ ബന്ദിയാക്കി പാര്‍പ്പിച്ചതിന് ഒരു തെളിവും ഉണ്ടായിരുന്നില്ല. കേസിലെ മുഖ്യപ്രതിയായ സഞ്ജി റാമിന്റെ പക്കല്‍ നിന്ന് താക്കോല്‍ വാങ്ങി തുറന്ന് പരിശോധിച്ചപ്പോള്‍ ചില മുടിനാരുകള്‍ കണ്ടെത്താനായി. ഡി.എന്‍.എ പരിശോധനയില്‍ ഇത് പെണ്‍കുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് പെണ്‍കുട്ടിയെ താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണ് ഉറപ്പാക്കിയത്.

കേസ് ഒതുക്കിതീര്‍ക്കാനായി പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *