മഞ്ചേരി: സ്കൂളിലേക്കു പോവുകയായിരുന്ന മുപ്പത്തേഴുകാരിയായ അധ്യാപികയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മൊറയൂര്‍ ചീനിക്കല്‍ നസീമ (44)യെയാണ് മഞ്ചേരി എസ് ഐ കറുത്തേടത്ത് ജലീലും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് ഇന്നലെ നിലമ്ബൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
1994 സെപ്തംബര്‍ 26നാണ് കേസിന് ആസ്പദമായ സംഭവം. മഞ്ചേരി രാജീവ് ഗാന്ധി ബൈപ്പാസ് റോഡിലൂടെ നടന്നു പോവുകയായിരുന്ന എളയൂര്‍ എ.എം.എല്‍.പി സ്കൂള്‍ അധ്യാപികയെ കെ.എല്‍.എല്‍ 6204 നമ്ബര്‍ കാറിലെത്തിയ ആറു പേര് ചേര്‍ന്ന് ബലമായി പിടിച്ച് കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണു കേസ്.
ആറു പേരില്‍ ഒരാളായിരുന്നു നസീമ. തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട അധ്യാപിക വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി സി ഐ ആയിരുന്ന വി.പി.രാധാകൃഷ്ണന്റെ വാഹനത്തില്‍ പിന്തുടര്ന്നാണ് പ്രതികളെ പിടികൂടിയിരുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ നസീമ മുങ്ങുകയായിരുന്നു. കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നസീമ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നീണ്ട കാലത്തെ വിചാരണക്ക് ശേഷം കേസിലെ നാല് പ്രതികളെ മഞ്ചേരി സബ് കോടതി വെറുതെ വിട്ടിരുന്നു.
മുഖ്യപ്രതി മോങ്ങം ഹില്‍ടോപ്പ് പുതുവീട്ടില്‍ അഷ്റഫ് (42)നെയും 2011 ഏപ്രില്‍ നാലിന് ഇതേ കോടതി വെറുതെ വിട്ടിരുന്നു. വൈദ്യപരിശോധനക്ക് ശേഷം ഹാജരാക്കിയ പ്രതിയെ മഞ്ചേരി അസിസ്റ്റന്റ് സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
