തിരുവനന്തപുരം: കാഷ്മീരില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു സകമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തു പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും കടകന്പോളങ്ങള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറു നടത്തി.
അക്രമങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു 150ല്‍ പരം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. നൂറോളം പേര് മലപ്പുറത്തുനിന്നുമാണ് അറസ്റ്റിലായത്. പാലക്കാട്ട് 23 പേരെയും കണ്ണൂരില്‍ 20 പേരെയും കോഴിക്കോട്ട് അഞ്ചു പേരെയും തിരുവനന്തപുരത്തു പത്തു പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം ജില്ലയില്‍ നഗരത്തില്‍ പാളയം, ചാല, നെടുമങ്ങാട്, ബാലരാമപുരം, വിതുര, കാട്ടാക്കട, ആര്യനാട് എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ്, കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതിനേത്തുടര്ന്ന് ബസുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മലബാര്‍ മേഖലയിലാണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ദേശീയപാതയില്‍ ഗതാഗതതടസം സൃഷ്ടിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ ബലമായി അടപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ വ്യാപാരികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷത്തിലേക്ക് കടന്നത്.
