കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചേക്കുമെന്ന് സൂചന. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്.ടി.എഫും ലോക്കല്‍ പൊലീസും പരസ്പര വിരുദ്ധമായ മൊഴി നല്കുന്നതിനാല് ഇവരെ നുണ പരിശോധനക്ക് വിധേയമാക്കാനും ആലോചനയുണ്ട്.
ശ്രീജിത്തിന്റെ ശരീരത്തില്‍ അസാധാരണമായ ചതവുകള്‍ ഉണ്ടായിരുന്നുവെന്നും മാരകമായ ആയുധങ്ങള്‍ മര്‍ദനത്തിന് ഉപയോഗിച്ചിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്. ശരീരത്തില്‍ പ്രത്യക്ഷമായ രീതിയില്‍ മുറിവുകള്‍ ഇല്ലാത്തതും ആന്തരിക അവയവങ്ങളിലെ ചതവും ഉരുട്ടിക്കൊലയാണ് നടന്നതെന്ന് സൂചന നല്കുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. അഞ്ചു പേജുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലായാണ് ഇക്കാര്യങ്ങളുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ഒന്‍പതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലെ മര്‍ദ്ദനത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്താനായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
20 ഒാളം മുറിവുകള്‍ ശ്രീജിത്തിെന്റ ശരീരത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകുടലിലെ മുറിവും അണുബാധയും മരണത്തിലേക്കു നയിച്ചെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടല് മുറിഞ്ഞ് വേര്‍പെടാറായ അവസ്ഥയിലായിരുന്നു. ചവിട്ട് പോലെ ശക്തമായ ആഘാതങ്ങള്‍ കൊണ്ട് മാത്രമേ ഇങ്ങനെ സംഭവിക്കൂവെന്നാണ് നിഗമനം. കുടല് മുറിഞ്ഞ് പുറത്തുവന്ന ഭക്ഷണാവശിഷ്ടങ്ങള്‍ രക്തത്തില്‍ കലരുകയും ഇത് അണുബാധക്ക് ഇടയാക്കുകയും ചെയ്തു. ഇത് മറ്റ് അവയവങ്ങളെയും ബാധിച്ചു. ഇതിന് പുറമെയാണ് 20 മുറിവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത്. വൃഷ്ണങ്ങള്ക്കുള്ളില് രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു. ക്രൂരമായ പൊലീസ് മര്ദനമേല്ക്കുന്നവരിലെല്ലാം ഇങ്ങനെ കണ്ടുവരാറുണ്ട്.
