ഹോളണ്ട് ഇതിഹാസ താരം പാട്രിക് ക്ളൈവര്‍ട്ടിന്റെ മകനും അയാക്സ് താരവുമായ ജസ്റ്റിന് ക്ളൈവര്‍ട്ട് ഇനി റോമക്കായി പന്ത് തട്ടും. ഏതാണ്ട് 20 മില്യണ്‍ യൂറോ നല്‍കിയാണ് റോമ താരത്തെ സ്വന്തമാക്കിയത്. ഇരുപതുകാരനായ ജസ്റ്റിന് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സലോണ ടീമുകള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും താരം ഇറ്റലി തിരഞ്ഞെടുക്കുകയായിരുന്നു.
5 വര്‍ഷത്തെ കരാറാണ് താരം റോമയുമായി ഒപ്പു വച്ചിരിക്കുന്നത്. മുന്‍ മിലാന്, ബാഴ്സലോണ താരമാണ് ജസ്റ്റിന്റെ പിതാവ് പാട്രിക്. ഹോളണ്ട് ദേശീയ ടീം അംഗം കൂടിയാണ് ജസ്റ്റിന്.
2006 മുതല്‍ 2016 വരെ അയാക്സിന്റെ യൂത്ത് ടീം അംഗമായിരുന്ന ജസ്റ്റിന് 2016 ഇല് സീനിയര്‍ ടീമില്‍ അംഗമായ ഉടന്‍ തന്നെ മികച്ച പ്രകടനമാണ് നടത്തി വരുന്നത്. അയാക്സിനായി 44 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയ താരം വിങ്ങര്‍ റോളിലാണ് കളിക്കാറ്.
