കൊല്ലം: കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്നു യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് യുവാവിന്റെ അമ്മ ഷീന പറഞ്ഞു. ഇതല്ലാതെ വേറെ വഴിയില്ല. മകന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു.
കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി അനന്തകൃഷ്ണനെയാണ് ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് മര്‍ദിച്ചത്. ഷീനയെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
നേരത്തെ അഞ്ചലിലെ വീട്ടിലെത്തി കേരള കോണ്‍ഗ്രസ്-ബി പ്രവര്‍ത്തകര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പിന്നീട് വിദേശത്തുള്ള ഷീലയുടെ ഭര്‍ത്താവ് നാട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തേയും കേരള കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ഷീനയുടെ തീരുമാനം.
ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണപ്പിള്ള തന്നെ വിഷയത്തില്‍ ഇടപെട്ടത്. എന്‍എസ്എസ് നേതൃത്വവും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതോടെയാണ് പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്.
