ജെസ്ന തിരോധാനം: അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

കൊച്ചി: എരുമേലിക്ക് സമീപം മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജെസ്ന എന്ന ബിരുദ വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതിയുടെ വിലയിരുത്തല്‍. കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴാണ് പോലീസിന്‍റെ അന്വേഷണത്തില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തിയത്.

ജെസ്ന കേസുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച വിവരങ്ങളെല്ലാം കോടതിക്ക് കൈമാറിയിരുന്നു. ജെസ്ന രഹസ്യമായി ഉപയോഗിച്ച സിം കാര്‍ഡ് പോലീസ് കണ്ടെത്തി. ഈ സിം കാര്‍ഡുമായി ബന്ധപ്പെട്ട് പരിശോധനകള്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭിക്കുമെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.

അതിനിടെ പുതിയ സിം കാര്‍ഡില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജെസ്നയുടെ ആണ്‍സുഹൃത്തിനെ പോലീസ് 12 മണിക്കൂറോളം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ ഇയാള്‍ തനിക്ക് ജെസ്നയുമായി പ്രണയമുണ്ടായിരുന്നുവെന്ന കാര്യം സമ്മതിച്ചുവെന്നാണ് വിവരം. മുന്‍പ് ആണ്‍സുഹൃത്ത് നല്‍കിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ വരും ദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *