യുദ്ധം ചെയ്ത് ശബരിമല വിധി നടപ്പാക്കില്ല: കോടിയേരി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി യുദ്ധം ചെയ്ത് നടപ്പാക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്ത് കോടതിവിധി നടപ്പാക്കണമെന്നാണ് സി.പി.എം നിലപാടെന്ന് അദ്ദേഹം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ശബരിമല വിധി സംബന്ധിച്ച്‌ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു അവ്യക്തതയും ആശയക്കുഴപ്പവുമില്ല. ഹിന്ദുത്വ വര്‍ഗീയവാദികളുടെ കൈയില്‍ അകപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ രമേശ ചെന്നിത്തല. പുരോഗമനപരവും മതനിരപേക്ഷവുമായ സമീപനം സ്വീകരിക്കേണ്ട ആളുകള്‍ എടുക്കേണ്ട സമീപനമല്ല കേരളത്തിലെ ഒരു വിഭാഗം വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത്.

ഇതിന്റെ മറവില്‍ കേരളത്തില്‍ ഒരു കലാപം ഉണ്ടാക്കാന്‍ അനുവദിക്കില്ല. വിശ്വാസികളെ സര്‍ക്കാരിനെതിരായി തിരിച്ചുവിടാനുള്ള നീക്കത്തെ വിശ്വാസികളെ ഉപയോഗിച്ചുതന്നെ ചെറുക്കും. കോടതി വിധി നടപ്പാക്കുന്നതിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടോ, അത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാനുള്ള സഹകരണം തേടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *