കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരണമോ എന്ന് ഹൈക്കോടതി. കേസുമായി മുന്നോട് പോകണോ എന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനോടാണ് കോടതി ആരാഞ്ഞത്. മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി നടപടി.
അതേസമയം കേസില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്ന് സുരേന്ദ്രന് കോടതിയെ അറിയിച്ചു. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം.
തെരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
