റിയാദ്: ലബനന് പ്രധാനമന്ത്രി സാദ് ഹരിരിയെ തന്റെ അനുയായികള്‍ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങള്‍ ചിരിച്ചുതള്ളി സൗദി രാജകുമാരന്. റിയാദില്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തില്‍ സംസാരിക്കവെ ഹരിരിയെ ഒപ്പമിരുത്തിയാണ് മുഹമ്മദ് ബിന്‍ സല്മാന് ആരോപണം തള്ളിയത്.
ഹരിരി രണ്ടു ദിവസം കൂടി സൗദിയിലുണ്ടാകുമെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം പരക്കില്ലെന്നും രാജകുമാരന് തമാശ പറഞ്ഞു. തൊട്ടടുത്തിരുന്ന ഹരിരിക്കുനേരെ പൊട്ടിച്ചിരിച്ചു കൈകള്‍ പിടിച്ചു കുലുക്കിക്കൊണ്ടാണു രാജകുമാരന് ഇതു പറഞ്ഞത്. സദസിലുണ്ടായിരുന്നവരും ചിരിയില്‍ പങ്കുചേര്‍ന്നു.
ഹരിരിയുടെ ദീര്‍ഘകാല സുഹൃത്താണു സൗദിയെങ്കിലും, സൗദിയുടെ എതിരാളികളായ ഇറാന് ലെബനനിലെ ഹിസ്ബുള്ള നീക്കങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സൗദി തലസ്ഥാനത്തുനിന്നു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഹരിരി, താന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചു. ഈ സമയത്തുതന്നെ ഹരിരി സൗദിയുടെ തടവിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ ഫ്രഞ്ച് ഇടപെടലോടെ രാജി പിന്‍വലിക്കാന്‍ ഹരിരി തയാറായി. ഹരിരി സ്ഥാനമൊഴിയുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായുള്ള ആരോപണങ്ങള്‍ സൗദി തള്ളുകയും ചെയ്തു. ഈ വര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹരിരി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
