ഉത്തരവ് തിരിച്ചടിയാകില്ല, ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കും: കാനം രാജേന്ദ്രന്‍

കണ്ണൂര്‍: ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കുമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭരണഘടന ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ യുവതി പ്രവേശനം നടപ്പാക്കാനെ സര്‍ക്കാരിന് കഴിയുകയുള്ളുവെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. നിലവിലുള്ള വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്നും കാനം കൂട്ടിച്ചേര്‍ത്തു. വിധി പുന:പരിശോധിക്കുമെന്ന ഉത്തരവ് വന്നതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്. യുവതികളെ പ്രവേശിപ്പിക്കാന്‍ ഒക്‌ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവിന് സ്‌റ്റേയില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളും ജനുവരി 22ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *