കൊച്ചി> “”പ്രാര്‍ത്ഥനയ്ക്കെന്തിനാണ് പ്രത്യേക പരിശീലനം?”- പരിശീലനം സിദ്ധിച്ചവരെ ശബരിമലയിലേക്ക് അയക്കാന്‍ ബിജെപി ഇറക്കിയ സര്‍ക്കുലര്‍ സൂചിപ്പിച്ച് ഹൈക്കോടതി ചോദിച്ചു. ശബരിമല കേസുകള്‍ പരിഗണിയ്ക്കുന്ന ബെഞ്ചാണ് ബുധനാഴ്ച ഈ ചോദ്യം ചോദിച്ചത്.
അക്രമത്തിനു സന്നഹമൊരുക്കി ബിജെപി കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലറുകള്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പരിശീലനം സിദ്ധിച്ചവരെ അയക്കുമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ ദേശാഭിമാനി ബുധനാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.” ഞങ്ങളുടെ മുന്നില്‍ ചില സര്‍ക്കുലറുകള്‍ എത്തി. ഇതിലോരെണ്ണത്തില്‍ ഡിസംബര്‍ 13നുശേഷം ശബരിമലയ്ക്ക് പോകാനുള്ള പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങളാണ്. അതില്‍ വേണ്ട സാധനങ്ങള്‍ കയ്യില്‍ പോകണം, പരിശീലനം സിദ്ധിച്ചവര്‍ പോകണം എന്നൊക്കെയാണ്. എന്താണ് ഈ സാധനങ്ങള്‍ ?തേങ്ങയാണോ?എന്താണ് പരിശീലനം? പ്രാര്‍ത്ഥനയ്ക്കെന്തിനാണ് പ്രത്യേക പരിശീലനം?”- കോടതി ചോദിച്ചു .
ഇങ്ങനെയുള്ള ഭക്തര്‍ വന്നാല്‍ പൊലീസിനു നടപടിയെടുക്കേണ്ടിവരും. യഥാര്‍ത്ഥ ഭക്തരെ എങ്ങനെ തിരിച്ചറിയും? ശബരിമലയില്‍ എന്തെങ്കിലും സംഭവിയ്ക്കുന്ന സ്ഥിതി ഉണ്ടാകരുത്- കോടതി പറഞ്ഞു.
