ലക്നോ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സുപ്രീംകോടതി സൈന്യത്തെ അയക്കണമെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്കു പിന്തുണയുമായി സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) അധ്യക്ഷനും മന്ത്രിയുമായ ഓംപ്രാകശ് രാജ്ഭര്‍ രംഗത്ത്.
അഖിലേഷിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. അയോധ്യയില്‍ 144 അടിച്ചേല്‍പ്പിക്കുകയാണ്. എന്നിരുന്നാലും ജനങ്ങള്‍ ഇവിടെ കൂട്ടംകൂടുന്നു. ഇത് പരാജയമാണ്. പ്രദേശത്ത് സൈന്യത്തെ വിന്യസിക്കണമെന്നും രാജ്ഭര്‍ പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നതിനാണ് താത്പര്യം. ആളുകള്‍ അയോധ്യയില്‍ കൂട്ടമായി തങ്ങുകയാണ്. ഇതിന്റെ ഉത്തരവാദിത്വം യോഗിക്കാണെന്നും രാജ്ഭര്‍ പറഞ്ഞു.
രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യയില്‍ ഹിന്ദു തീവ്രവാദികള്‍ സംഘടിക്കുന്നതിനെതിരെയാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയത്.
