ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തില്‍ നിസാര കാര്യങ്ങള്‍ക്ക് പോലും ഹര്‍ത്താലുകള്‍ നടത്തുന്ന സമീപനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താലുകളില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ‘കേരളം നാളെ’ വികസന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇതു എങ്ങനെ ഒഴിവാക്കാമെന്ന് ആലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ നടത്താം. പക്ഷേ, എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്നത് ഒഴിവാക്കണം, മാത്രമല്ല ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എപ്പോഴും ഹര്‍ത്താല്‍ നടത്തുന്ന രീതി എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും വ്യക്തമാക്കി. സ്തംഭിപ്പിക്കുക, ധിക്കാര നിലപാട് സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലേക്കു പാര്‍ട്ടികള്‍ പോകുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. മതനിരപേക്ഷതയ്ക്കെതിരായ നടപടികള്‍ അന്‍പതുകളില്‍ തുടങ്ങിയതു സിപിഎമ്മാണ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *