തെലങ്കാന മുഖ്യമന്ത്രിയായി കെ.സി.ആര്‍ വീണ്ടും അധികാരമേറ്റു

ഹെെദരാബാദ്: തെലങ്കാനയില്‍ വീണ്ടും ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ഇ.എസ്.എല്‍ നരസിംഹ ചന്ദ്രശേഖര റാവുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും, എം.എല്‍.എമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. ഒരാഴ്‌ചക്കുള്ളില്‍ മുഴുവന്‍ മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ് ചന്ദ്രശേഖര റാവു നേരത്തെ വ്യക്തമാക്കിയിരുന്നത്.

തെലങ്കാന ഭവനില്‍ ചേര്‍ന്ന ടി.ആര്‍.എസ് എം.എല്‍.എമാരുടെ യോഗത്തില്‍ കെ.സി.ആറിനെ ഒറ്റക്കെട്ടായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതോടെ ടി.ആര്‍.എസ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പാക്കുമെന്ന് കെ.സി.ആര്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 അംഗ സഭയില്‍ 88 സീറ്റിലാണ് ടി.ആര്‍.എസ് വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *