അബുദാബി: ക്രിസ്മസ്, പുതുവത്സരത്തിന് മുന്നോടിയായി അബുദാബിയില്‍ ആരംഭിച്ച ആദായ വില്പനയില് വന്‍ തിരക്ക്. ദേശീയ പ്രദര്‍ശന നഗരിയില്‍ (അഡ്നെക്) നാളെ വരെ നടക്കുന്ന മെഗാ സെയിലില്‍ ലോകോത്തര ബ്രാന്‍ഡിലുള്ള ഉല്പന്നങ്ങള്ക്ക് 75 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ വിറ്റഴിക്കുന്നത്. അഡ്നെകിലെ പതിനൊന്നാം ഹാളില്‍ രാവിലെ പതിനൊന്നു മുതല്‍ രാത്രി 11 വരെയാണ് ആദായ വില്പന. വാരാന്ത്യ അവധി ദിവസമായ ഇന്നും നാളെയും വന്‍ തിരക്കുണ്ടാകുമെന്നും അതിലൂടെ ലക്ഷങ്ങളുടെ വിപണനം നടക്കുമെന്നുമാണ് സംഘാടകരുടെ പ്രതീക്ഷ.
ഡിസംബര്‍ 19 മുതല്‍ 23 വരെ ദുബായിലും മെഗാ സെയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഡിംസബര്‍ 26നാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. 3200 ഔട്ട്ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാവുക.
ഫെസ്റ്റിവലിന്റെ ഓഫറുകള്‍ക്ക് പുറമെ 12 മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ സെയിലോടുകൂടിയായിരിക്കും ഇത്തവണ ഡി എസ് എഫ് ആരംഭിക്കുന്നത്. 90 ശതമാനം വരെ ഡിസ്കൗണ്ടാണ് ഈ സൂപ്പര്‍ സെയിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 26ന് ഉച്ച മുതല്‍ അര്‍ദ്ധരാത്രി വരെ മാള്‍ ഓഫ് എമിറേറ്റ്സിലും അഞ്ച് സിറ്റി സെന്ററുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുന്നത്.
