കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുമായി എമിറേറ്റ്‌സ്; ഉന്നതതല സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുമായി എമിറേറ്റ്‌സ്. സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് ഉന്നതതല സംഘം വിമാനത്താവളം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. എമിറേറ്റ്‌സ് ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് മോഹനശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്തിയത്.

കോഴിക്കോട് – ദുബായ് സെക്ടറില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഡിജിസിഎയുടെ നിര്‍ദേശമനുസരിച്ചുള്ള സുരക്ഷാ പരിശോധനയ്ക്കാണ് എമിറേറ്റ്‌സ് ഉന്നതല സംഘം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ ഓപ്പറേഷന്‍ ഏരിയയും മറ്റും ഉന്നതതല സംഘം പരിശോധിച്ചു. സുരക്ഷാ വിലയിരുത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് എമിറേറ്റ്സും എയര്‍പോര്‍ട്ട് അതോറിറ്റിയും പുതിയ ഉടമ്ബടിയില്‍ ഒപ്പുവച്ചു. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറും. അനുമതി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ എമിറേറ്റ്സ് സംഘം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

2015 ല്‍ നവീകരണത്തിന്റെ ഭാഗമായി റണ്‍വേ അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *