തൊഴിലുറപ്പിടങ്ങളും പരീക്ഷയ‌്ക്കെത്തിയ കുട്ടികളെയും സന്ദര്‍ശിച്ച‌് വീണാ ജോര്‍ജ്‌

കൊടുമണ്‍: ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജ് വ്യാഴാഴ‌്ച തൊഴിലുറപ്പ‌് തൊഴിലാളികളെയും എസ‌്‌എസ‌്‌എല്‍സി പരീക്ഷയ‌്ക്കെത്തിയ കുട്ടികളെയും സന്ദര്‍ശിച്ചു. കൊടുമണ്‍ പഞ്ചായത്തിലെ ചന്ദനപ്പള്ളി, ഐരൂര്‍ക്കര ലക്ഷം വീട് എന്നിവിടങ്ങളിലും, നാലാം വാര്‍ഡിലെ മുപ്രമണ്‍, ആറ്റുവാശ്ശേരി, കൊച്ചുമുരുപ്പ് തുടങ്ങിയ തൊഴിലുറപ്പ് തൊഴിലിടങ്ങളിലും സന്ദര്‍ശിച്ചു. അയല്‍വാസികളും തൊട്ടടുത്ത വാര്‍ഡിലെ താമസക്കാരുമാണ് തൊഴിലാളികളില്‍ ഏറെയും. കൂലിക്കുടിശ്ശികയാണ് അവരുടെ പ്രധാന പരാതി. അഞ്ചും ആറും മാസം കൂടുമ്ബോഴാണ് കൂലിതുക നല്‍കുന്നത് . കൊടുമണ്‍ പഞ്ചായത്തില്‍ മാത്രമായി 38 ലക്ഷം രൂപയുടെ കുടിശ്ശികയുണ്ട്. പറക്കോട് ബ്ലോക്കില്‍ കോടികളാണ് കുടിശ്ശികയായിട്ടുള്ളത്. മാര്‍ച്ച്‌ മാസമായപ്പോള്‍ പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ ഏറെ ദുരിതത്തിലാണ്. പരീക്ഷാ ഫീസ്, പഠന വിനോദയാത്രകള്‍ തുടങ്ങിയ ചെലവുകള്‍ അവരെ ബുദ്ധിമുട്ടിലാക്കുന്ന.

കൊടുമണ്‍ ഹൈസ്കൂളിലെ അധ്യാപകരെയും മറ്റ് ജീവനക്കാരെയും കണ്ട് വോട്ടഭ്യര്‍ഥിച്ചു. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് വീണാ ജോര്‍ജ‌് വിജയാശംസകള്‍ നേര്‍ന്നു. കുട്ടികള്‍ തിരിച്ചും വിജയാശംസകള്‍ നേര്‍ന്നു. പരസ്പരമുള്ള വിജയാശംസകള്‍ പരീക്ഷാച്ചൂടില്‍ നിന്ന കുട്ടികള്‍ക്ക് ആശ്വാസത്തിന്റെ നിമിഷങ്ങളായി.

അങ്ങാടിക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ കെ അശോക് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ബീന പ്രഭ, പഞ്ചായത്തംഗം ശ്യാം സത്യ, ബാബു സേനപ്പണിക്കര്‍, രജനി പ്രകാശ്, ആനന്ദവല്ലി, ജയ എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *