പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അവഹേളിച്ചു എന്നാരോപിച്ച് കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ അനില്‍ അക്കര എംഎല്‍എ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി. രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അപമാനിച്ച ദീപ നിശാന്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനില്‍ അക്കരയുടെ പരാതി. ദീപ നിശാന്തിന്‍റെ പരാമര്‍ശങ്ങള്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വോട്ട് നേടിക്കൊടുക്കുന്നതിന് സഹായിക്കുമെന്നും അനില്‍ അക്കര പരാതിയില്‍ പറയുന്നു. സ്ഥാനാര്‍ത്ഥി ഏത് വിഭാഗത്തില്‍പെട്ട ആളാണെന്ന് കൂടുതല്‍ വ്യക്തമാകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദങ്ങള്‍ ഉപയോഗിച്ച് ദീപ നിശാന്ത് രമ്യ ഹരിദാസിനെ അവഹേളിച്ചു എന്നും പരാതിയിലുണ്ട്
‘സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തെരഞ്ഞെടുപ്പോ അമ്ബലക്കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്’ എന്ന തരത്തിലായിരുന്നു ദീപാ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ്.
