മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ കോ-മാ സഖ്യത്തിന്റെ രഹസ്യനീക്കങ്ങള്‍ സജീവം.മുസ്്‌ലിം ലീഗ് വിരോധികളായ മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ സി.പി.എമ്മുമായി ചേര്‍ന്നാണ് അണിയറയില്‍ കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് ധാരണയുണ്ടാക്കുന്നത്.മുസ്്‌ലിം ലീഗ് ഇത്തവണ പൊന്നാനിയില്‍ ജയിക്കരുതെന്ന് വാശിയിലാണ് മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍. ഈ നിലപാടിനെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എമ്മും ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വറും.
പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ മല്‍സരിക്കുന്നതിനെതിരെ ആദ്യഘട്ടത്തില്‍ തന്നെ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിരുന്നു. തിരൂരില്‍ നടന്ന യോഗത്തില്‍ ഇ.ടി മല്‍സരിക്കരുതെന്ന് അവര്‍ പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ ലീഗ് വിരോധം മുതലെടുക്കുന്നതിനാണ് പഴയ കോണ്‍ഗ്രസുകാരനായ നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിനെ തന്നെ ഇടതുപക്ഷം പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. പൊന്നാനി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യചര്‍ച്ചകള്‍ പി.വി അന്‍വര്‍ നടത്തി വരുന്നുണ്ട്. തിരൂരങ്ങാടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എം.എന്‍.കുഞ്ഞഹമ്മദ് ഹാജി കഴിഞ്ഞ ദിവസം അന്‍വറുമായി രഹസ്യചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. കുഞ്ഞഹമ്മദ് ഹാജിയെ മുസ്്‌ലിംലീഗ്കാര്‍ തടഞ്ഞതും വാര്‍ത്തയായിരുന്നു.
പി.വി.അന്‍വറിനെ പൊന്നാനിയില്‍ വിജയിപ്പിക്കാന്‍ മലപ്പുറം ജില്ലയിലെ മുതിര്‍ന്ന നേതാക്കളും ശ്രമിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. നിലവില്‍ നിലമ്പൂര്‍ എം.എല്‍.എ. ആയ അന്‍വര്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചാല്‍ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വരും. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന നിലമ്പൂരില്‍ കഴിഞ്ഞ തവണ അന്‍വര്‍ അട്ടിമറി വിജയം നേടുകയായിരുന്നു. മണ്ഡലം തിരിച്ചുപിടിക്കാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ പാര്‍ലമെന്റിലേക്കയച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കാമെന്ന കണക്കുകൂട്ടലിലാണ്.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസവും അന്‍വറിന് തുണയാകുന്നുണ്ട്. പൊന്നാനിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രധാന തെരഞ്ഞെടുപ്പു പ്രചാരകനുമായ വ്യക്തിയെ രാഷ്ട്രീയമായി തളര്‍ത്താന്‍ ഈ തെരഞ്ഞെടുപ്പ് ഉപയോഗിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. പൊന്നാനിയില്‍ ഇടതുമുന്നണി ജയിച്ചാല്‍ ഈ നേതാവിനും അത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍.
കോണ്‍ഗ്രസ് പാലം വലിച്ചേക്കുമെന്ന കണക്കുകൂട്ടല്‍ മുസ്്‌ലിം ലീഗ് കേന്ദ്രങ്ങളിലുമുണ്ട്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായി മല്‍സരിച്ച വി.അബ്്ദുറഹ്്മാന് കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി ലഭിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവുണ്ടായതിന് ഇതും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണ കോ-മാ മുന്നണിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും മുസ്്‌ലിം ലീഗും സ്വീകരിക്കേണ്ടി വരും.
