കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം കൈരളി ചാനലിന് കൈമാറിയതിന് പിന്നില്‍ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് വി. മുരളീധരന്‍ എം.പി. സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി. ആയിട്ടുള്ള ചാനലിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും സി-ഡിറ്റിന്റെ ടെന്‍ഡറും കൈരളിയുടെ ടെന്‍ഡറും ഒരേ ആസ്ഥാനത്താണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
പരിപാടിയുടെ നിര്‍മാണം കൈരളിക്ക് നല്‍കുന്നതിലൂടെ ഓരോ എപ്പിസോഡിലും ഒരു ലക്ഷം ലാഭമുണ്ടെന്നായിരുന്നു പി.ആര്‍.ഡി. ഡയറക്ടറുടെ വിശദീകരണം. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിന് കീഴിലുള്ള സി-ഡിറ്റ് കൈരളി ചാനലിനെക്കാള്‍ പണം ചിലവാക്കുകയല്ലേ എന്നും വി.മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
