സാമ്ബത്തികമേഖലയ്ക്ക് ഉത്തേജനപദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27-ല്‍ നിന്ന് 12 ആകും. വിപണിയിലും ഉപഭോക്താക്കളിലും കൂടുതല്‍ ഇടപെടല്‍ നടത്തി വളര്‍ച്ച കൈവരിക്കലാണു ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ ശാഖകളുടെ പ്രവര്‍ത്തനത്തെയോ ജീവനക്കാരെയോ ലയനം ബാധിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ലയനം എന്നു പ്രാബല്യത്തിലാവുമെന്നു പ്രഖ്യാപിച്ചിട്ടില്ല. ലയിപ്പിക്കുന്ന ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് വേവ്വേറെ യോഗം ചേര്‍ന്ന് ലയനനിര്ദേശങ്ങള് അംഗീകരിക്കുകയും സര്‍ക്കാരിനെ അറിയിക്കുകയും വേണം. അതിനുശേഷം റിസര്‍വ് ബാങ്കുമായി ആലോചിച്ചാവും ലയനത്തിയതി തീരുമാനിക്കുക.
കഴിഞ്ഞകൊല്ലം ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ചത് വിജയകരമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരെ ആരെയും ഒഴിവാക്കാതെ പൂര്‍ത്തിയാക്കിയ ലയനംവഴി ബാങ്ക് ഓഫ് ബറോഡ വളര്‍ച്ചയുടെ പാതയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ നാലു ബാങ്കുകള്‍
*പഞ്ചാബ് നാഷണല്‍ ബാങ്ക് (ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സും യുണൈറ്റഡ് ബാങ്കും പി.എന്‍.ബി.യും ലയിക്കുന്നത്) രാജ്യത്തെ രണ്ടാം വലിയ പൊതുമേഖലാ ബാങ്കായിരിക്കുമിത്. 17.95 ലക്ഷം കോടി രൂപയുടെ വ്യാപാരം ഉണ്ടാകും. പുതിയ ബാങ്കില്‍ 10,43,659 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാവുക. 11,437 ശാഖകളിലായി 1,00,649 ജീവനക്കാരുണ്ടാവും.
* കനറാ ബാങ്ക് (സിന്‍ഡിക്കേറ്റ് ബാങ്കും കനറാ ബാങ്കും ചേര്‍ന്നത്)
-നാലാം വലിയ ബാങ്കാവും ഇത്. 15.20 ലക്ഷം കോടി രൂപയുടെതായിരിക്കും ബിസിനസ്. 8,58,930 കോടി രൂപയുടെ നിക്ഷേപവും 10,342 ശാഖകളിലായി 89,885 ജീവനക്കാരും ഉണ്ടാവും.
*യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ (യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നിവ ചേര്‍ന്നത്)- അഞ്ചാം വലിയ ബാങ്ക്. 14.59 ലക്ഷം കോടി രൂപയുടെ ബിസിനസും 1,84,568 കോടി രൂപയടെ നിക്ഷേപവും ഉണ്ടാവും. 9,609 ശാഖകളിലായി 75,384 ജീവനക്കാര്‍
*ഇന്ത്യന്‍ ബാങ്ക് (അലഹാബാദ് ബാങ്കും ഇന്ത്യന്‍ ബാങ്കും ചേര്‍ന്നത്)-
ഏഴാം വലിയ പൊതുമേഖലാ ബാങ്ക്. 8.08 ലക്ഷം കോടി രൂപയുടെ ബിസിനസും 4,56,411 കോടി രൂപയുടെ നിക്ഷേപവും. 6,104 ശാഖകളിലായി 42,814 ജീവനക്കാര്‍
ഇനി 12 ബാങ്കുകള്‍ ബ്രാക്കറ്റില്‍ ബിസിനസ് മൂല്യം
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (52.05 ലക്ഷംകോടി)
2. ബാങ്ക് ഓഫ് ബറോഡ-(16.13 ലക്ഷം കോടി).
3.പഞ്ചാബ് നാഷണല്‍ ബാങ്ക് -17.94 ലക്ഷം കോടി.
4. കനറാ ബാങ്ക് 15.20 ലക്ഷം കോടി.
5. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 14.59 ലക്ഷം കോടി.
6.ഇന്ത്യന്‍ ബാങ്ക് 8.08 ലക്ഷം കോടി
7. ബാങ്ക് ഓഫ് ഇന്ത്യ 9.03 ലക്ഷം കോടി
8.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 4.68 ലക്ഷം കോടി.
9.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3.75 ലക്ഷം കോടി.
10.യുക്കോ ബാങ്ക് 3.17 ലക്ഷം കോടി.
11.ബാങ്ക് ഓഫ് മഹാരാഷ്ട്ര 2.34 ലക്ഷം കോടി
12.പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 1.71 ലക്ഷം കോടി.
