തീഹാര്‍: തീഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക മുന്‍ മന്ത്രി ഡി കെ ശിവകുമാറിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും തീഹാറില്‍ കഴിയുന്ന പി ചിദംബരത്തെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കള്‍ അടങ്ങിയ സംഘം ശിവകുമാറിനെയും സന്ദര്‍ശിച്ചത്.കള്ളപ്പണക്കേസില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണ് ഡി കെ ശിവകുമാര്‍.
തീഹാറിലെത്തി സന്ദര്‍ശിച്ചത് അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, ഡി കെ സുരേഷ് എന്നിവരാണ്.
ആനന്ദ് ശര്‍മ സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചത് ശിവകുമാറിനോട് ചെയ്യുന്നത് നീതിയല്ലെന്നാണ്. അദ്ദേഹത്തിന്റെ മൗലിക അവകാശങ്ങളും, ആരോഗ്യവും എല്ലാം പ്രശ്നമായിരിക്കുകയാണ്. കോടതി നീതി നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യു കോടതി ഇന്നലെ തള്ളിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി അനുവദിച്ചിരിക്കുന്നത്.
ജാമ്യാപേക്ഷ തള്ളിയതിനാല്‍ ശിവകുമാര്‍ ജയിലില്‍ തന്നെ തുടരും. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്.
