നെയ്യാറ്റിന്‍കരയില്‍ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിളയില്‍ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി റോഡരികില്‍ വച്ചാണ് ഉദയന്‍കുളങ്ങര സ്വദേശിയായ അനു പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

രാജസ്ഥാനില്‍ നിന്നുള്ള നാടോടി സംഘത്തിലുള്ള പതിനഞ്ച് വയസ്സുകാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വഴിയരികില്‍ മണ്‍ചട്ടി വില്‍ക്കുന്ന പെണ്‍കുട്ടിയുടെ അരികിലേക്ക് സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് പ്രതി അനു എത്തിയത്. പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇയാള്‍ നാടോടി സംഘം താമസിക്കുന്ന ടെന്റിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. ഉടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഒരാഴ്ച മുമ്ബാണ് നാടോടി സംഘം നെയ്യാറ്റിന്‍കരയില്‍ എത്തിയത്. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ള പന്ത്രണ്ടംഗ സംഘം റോഡരികില്‍ തന്നെയാണ് കച്ചവടവും താമസവും. സ്ഥിരമായി പോലീസ് പട്രോളിംഗ് നടക്കുന്ന മേഖലയാണിതെങ്കിലും നാടോടി ബാലികയ്ക്കുണ്ടായ ദുരനുഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം, പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *