ഓണ്‍ലൈന്‍ വിസ സംവിധാനത്തിനു പിന്നാലെ സൗദിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

സൗദി : സൗദിയിലേക്ക് ഓണ്‍ലൈന്‍ വിസയില്‍ വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങി. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച്‌ രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

2030 ഓടെ രാജ്യത്തേക്ക് 100 മില്ല്യണ്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ഒരു മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് 49 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന നടപടി സൗദി വിനോദ സഞ്ചാര ദേശീയ പൈതൃക കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ പുതിയ വിസയില്‍ ടൂറിസ്റ്റുകള്‍ രാജ്യത്തെത്തി തുടങ്ങുകയും ചെയ്തു.

വിസ ഡോട്ട് വിസിറ്റ് സൗദി ഡോട്ട് കോം എന്ന പോര്‍ട്ടല്‍ വഴി വിസക്കുള്ള അപേക്ഷ സമര്‍പ്പിച്ച്‌ പണമടച്ചാല്‍ ഇമെയിലില്‍ വിസ ലഭിക്കും. സിങ്കിള്‍ എന്‍ട്രി വിസയില്‍ വരുന്നവര്‍ക്ക് 30 ദിവസം രാജ്യത്ത് തങ്ങാന്‍ അനുമതിയുണ്ട്.

എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒന്നിലധികം തവണ രാജ്യം സന്ദര്‍ശിക്കാം. അതേസമയം, 90 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചായി തങ്ങാന്‍ അനുവാദമില്ല. ടൂറിസ്റ്റ് വിസയിലെത്തുന്ന വിശ്വാസികള്‍ക്ക് ഉംറ ചെയ്യുന്നതിനും മദീന സന്ദര്‍ശനത്തിനും അനുമതിയുമുണ്ടായിരിക്കും.

വനിതകള്‍ക്ക് ഹജ്ജ് സീസണിലൊഴികെ ബന്ധുക്കളായ പുരുഷന്‍മാരില്ലാതെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നുണ്ട്.മുന്നൂര്‍ റിയാല്‍ ചെലവുള്ള വിസക്ക് 49 രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നിലവില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ലെങ്കിലും ഓണ്‍ലൈനായി വിസ നേടാനാകും.

Leave a Reply

Your email address will not be published. Required fields are marked *