ന്യൂഡല്‍ഹി: കശ്മീരിലെ നിയന്ത്രണങ്ങള്‍ എത്ര ദിവസം കൂടി തുടരുമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള സമയരേഖ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം, നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
നിയന്ത്രണങ്ങള്‍ ഏത്ര ദിവസം കൂടി തുടരേണ്ടി വരും. അത് ഇപ്പോള്‍ തന്നെ രണ്ട് മാസം പിന്നിട്ടിരിക്കുന്നു. നിയന്ത്രണങ്ങള്‍ക്ക് പകരം മറ്റ് വഴികള്‍ നോക്കി കൂടെയെന്നും എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചു.
ആഗസ്റ്റ് 5ന് ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മൊബൈല്‍, ലാന്‍ഡ്ലൈന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല.
