ദേശീയതലത്തില്‍ സാമ്ബത്തികമാന്ദ്യവും പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹകരണമേഖലയുടെ ശക്തിയും സാന്നിധ്യവും സേവനവും പ്രസക്തമാകുന്നതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. 40 ാം സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെയും നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് രൂപീകരിച്ച ശേഷമുള്ള ആദ്യ നിക്ഷേപ സമാഹരണ യജ്ഞമാണെന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. സഹകരണമേഖലയെ കൂടുതല്‍ സുശക്തമാക്കുന്നതിനും ആധുനീകരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരളബാങ്ക് രൂപീകരിച്ചത്. രണ്ടുവര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കായി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആദ്യനിക്ഷേപം സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിലേക്ക് വി.എസ്. സൂരജില്‍ നിന്ന് മന്ത്രി സ്വീകരിച്ചു.
ചടങ്ങില്‍ പാക്സ് അസോസിയേഷന് പ്രസിഡന്റ് വി. ജോയ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ: പി.കെ. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍, ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഡി. കൃഷ്ണകുമാര്‍, സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം പ്രസിഡന്റ് എന്‍. സുഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം സെക്രട്ടറി എസ്. റഫീക് നന്ദിയും പറഞ്ഞു. ഗവ: സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘവുമായി സഹകരിച്ചായിരുന്നു ചടങ്ങ്.
സഹകരണ മേഖലയിലെ 40-ാമത് സഹകരണ നിക്ഷേപം ഫെബ്രുവരി 29 വരെ സംസ്ഥാനത്താകെ നടക്കും. രണ്ട് മാസം നീണ്ടു നില്ക്കുന്ന പദ്ധതിയിലൂടെ 6000 കോടി രൂപയുടെ നിക്ഷേപം സഹകരണ ബാങ്കുകളിലേക്ക് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് വിവിധ കാരണങ്ങളാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് സഹായമാകുന്ന പദ്ധതിയാണ് നവകേരളീയം കുടിശ്ശിക നിവാരണം. വായ്പ തിരിച്ചടവ് നടത്തുന്നവര്‍ക്ക് പലിശ ഇന്‍സെന്റീവ് ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് മാസമാണ് പദ്ധതിയുടെ കാലാവധി.
