തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

മലപ്പുറം- നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പു വരുത്താനും വോട്ടിങ് ശതമാനം ഉയര്‍ത്താനും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അറിയാനുമായി തെരഞ്ഞെടുപ്പ് കമീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘ഇ വോട്ടര്‍ കേരള’ (ല ്ീലേൃ സലൃമഹമ) സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വോട്ടര്‍ പട്ടികയില്‍ പേര് കണ്ടെത്താനുള്ള സംവിധാനം, സ്ഥാനാര്‍ഥികളെക്കുറിച്ചും മണ്ഡലങ്ങളിലെ വോട്ടര്‍മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍, സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച രേഖകള്‍, സത്യവാങ്മൂലങ്ങള്‍, സ്വത്ത്‌വിവര കണക്കുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ അനുമതികള്‍, ലൊക്കേഷന്‍ മാപ്പ് ഉള്‍പ്പെടെയുള്ള ബൂത്തിനെ കുറിച്ചുള്ള വിവരങ്ങള്‍, തെരഞ്ഞെടുപ്പ് സംബന്ധമായ പരാതി നല്‍കാനുള്ള സംവിധാനം തുടങ്ങിയവ ആപ്പില്‍ ലഭ്യമാണ്.
ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍, ജില്ല, പേര്, വീട്ടുപേര് തുടങ്ങിയവ നല്‍കി വോട്ടര്‍ പട്ടികയില്‍ തിരയാം. ആപ്പിലൂടെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പോളിങ് ബൂത്തിന്റെ സ്ഥാനം കണ്ടുപിടിക്കാനുമാവും. ആദ്യം വോട്ടര്‍പട്ടികയില്‍ പേര് നല്‍കി തിരഞ്ഞശേഷം സ്ഥലം കണ്ടുപിടിക്കാനുള്ള ലൊക്കേറ്റ് ബട്ടണ്‍ തൊട്ടാല്‍ ഗൂഗിള്‍ മാപ്പിലൂടെ പോളിങ് ബൂത്ത് കണ്ടുപിടിക്കാം.
ഓരോ നിയോജക മണ്ഡലത്തിന്റെയും വിവരങ്ങളും ആപ്പിലൂടെ കിട്ടും. ജില്ലയും മണ്ഡലവും നല്‍കിയാല്‍ ആകെ പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ആകെ വോട്ടര്‍മാര്‍, ആകെ ബൂത്തുകള്‍ എന്നീ വിവരങ്ങള്‍ ലഭ്യമാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതി നല്‍കാനും അതിന്റെ ഇപ്പോഴത്തെ നില അറിയാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *