കൊവിഡ് 19: യാത്രാ വിലക്ക് വിപുലീകരിച്ച്‌ സഊദി; ഇന്ത്യക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ബാധകം

ജിദ്ദ: കൊവിഡ് 19 വ്യാപനം തടയാന്‍ യാത്രാ വിലക്ക് വിപുലീകരിച്ച്‌ സഊദി. ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്‍ക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് സഊദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

ഇന്ത്യക്കു പുറമെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂട്ടി സോമാലിയ എന്നീ രാജ്യങ്ങളിലേക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സഊദിയിലേക്ക് വരുന്നതിന് 14 ദിവസം മുമ്ബ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല.

ഈ രാജ്യങ്ങളിലുള്ള സഊദി പൗരന്മാര്‍ക്കും സാധുവായ സഊദി ഇഖാമയുള്ളവര്‍ക്കും മടങ്ങുന്നതിന് 72 മണിക്കൂര്‍ സമയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ഇവര്‍ക്ക് യാത്ര നിരോധനം ബാധകമാവുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം സഊദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരെ വിലക്കില്‍നിന്ന് ഒഴിവാക്കി.

സഊദിയില്‍ 45 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *