പയിമ്ബ്ര കൊലപാതകം; ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനായി മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നു

കോഴിക്കോട്: പോലൂര്‍ പയിമ്ബ്രയിലെ ആളൊഴിഞ്ഞ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സംഘം കുഴിമാടം തുറന്ന് പരിശോധിക്കുന്നു. വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തിലാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്ബ് 2017 സെപ്തംബറിലായിരുന്നു സംഭവം. മൃതദേഹം പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തി ആളെ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പറമ്ബില്‍ ബസാര്‍ പോലൂര്‍ പയിമ്ബ്ര റോഡിലെ ചെറുവറ്റ സായി ബാബ ആശ്രമത്തിന് സമീപത്തെ പറമ്ബിലായിരുന്നു മൃതദേഹം.

ആദ്യ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ഇക്കഴിഞ്ഞ ജനുവരി 25 ന് പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. മുക്കം ഇരട്ടക്കൊല അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

മുക്കം ഇരട്ടക്കൊലയുമായി കേസിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ച നിലയിലായിരുന്നു മൃതദേഹം. സംസ്ഥാനത്ത് ആദ്യമായാണ് മൃതദേഹം പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനിലൂടെ ആളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്. തലയോട്ടി കണ്ടെത്തിയ ശേഷം പ്രത്യക സാങ്കേതിക വിദ്യയിലൂടെ മുഖം പുനര്‍ നിര്‍മിക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *