ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് പത്ത് വര്‍ഷം തടവ്. സെന്‍ഗാറിന്റെ സഹോദരന് ഉള്‍പ്പെടെ കേസിലെ ആറ് പ്രതികള്‍ക്കും ഡല്‍ഹിയിലെ തീസ് ഹസാരി കോടതി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
സെന്‍ഗാറും സഹോദരനും പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ സെന്‍ഗാര്‍ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റം. ആകെയുള്ള 11 പ്രതികളില്‍ കുല്‍ദീപ് സെന്‍ഗാറും മറ്റ് ആറ് പേരും കുറ്റവാളികളാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ഒന്‍പതിന് ജുഡീഷല്‍ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും കുല്‍ദീപ് സെന്‍ഗാര്‍ ശിക്ഷ അനുഭവിക്കുകയാണ്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച കേസിലും സെന്‍ഗാര്‍ പ്രതിയാണ്.
