മലപ്പുറം: ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും മലപ്പുറം നഗരസഭ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടപ്പടി മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയുമായി 99 കിലോ മത്സ്യം പിടികൂടി. ഇന്നലെ(ശനി) രാവിലെ 9.30 ഓടെ ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ട് നിന്നു. 28 കിലോ ചെമ്മീന്‍, 44 കിലോ പപ്പന്‍സ്, 21 കിലോ കേദര, ആറ് കിലോ വാള എന്നിവയാണ് പരിശോധനയില്‍ അധികൃതര്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന പരിശോധന ലാബില്‍ മാര്‍ക്കറ്റിലെ മത്സ്യത്തിന്റെ സാമ്പിളെടുത്ത് ഫോര്‍മാലിന്‍ അംശമുണ്ടെന്ന് ഉറപ്പ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യങ്ങള്‍ പിടിച്ചെടുത്തത്. മാര്‍ക്കറ്റില്‍ വിതരണം വില്‍പ്പന നടത്തുന്ന മത്സ്യം ഭക്ഷ്യ യോഗ്യമല്ലെന്ന് നിരന്തരം പരാതി ലഭിച്ചിരുന്നതായി മലപ്പുറം നഗരസഭാ സെക്രട്ടറി കെ ബാലസുബ്രമണ്യാ അറിയിച്ചു.പരിശോധനക്ക് ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ, നഗരസഭ ഹെല്‍ത്ത് സുപ്പര്‍വൈസര്‍ ഷംസുദ്ദീന് തുടങ്ങിയവര്‍ നേതൃത്വം നല്കി. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, വണ്ടൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
