‘കര്‍ണാടക മോഡല്‍’ കേരളത്തിലും; കോഴിക്കോട്-മലപ്പുറം അതിര്‍ത്തി റോഡ് പൊലീസ് കല്ലിട്ട് അടച്ചു

കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തി റോഡുകള്‍ മുക്കം ജനമൈത്രി പൊലീസ് കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ പുതിയനിടം റോഡ്, തേക്കിന്‍ ചുവട് തോട്ടുമുക്കം റോഡ്, പഴംപറമ്ബ് തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്.

കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ചാണ് റോഡുകള്‍ അടച്ചത്. മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്. പ്രദേശത്തെ പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മതിയായ രേഖകള്‍ ഉള്ളവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്‌പോസറ്റുകള്‍ വഴി കടത്തിവിടുന്നുണ്ട്.

കോവിഡ് 19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തിലാണ് എല്ലാ വഴികളും അടച്ചതെന്ന് ജനമൈത്രി ഇന്‍സ്‌പെക്ടര്‍ അസൈന്‍ പറഞ്ഞു.

കാസര്‍കോട് അതിര്‍ത്തി റോഡുകള്‍ കര്‍ണാടക മണ്ണിട്ടടച്ചത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് നിരവധി രോഗികള്‍ സമയത്ത് ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *