മമ്പുറം സ്വലാത്ത്: വ്യഴാഴ്ചകളില്‍ ഓണ്‍ലൈന്‍ സംപ്രേക്ഷണം

തിരൂരങ്ങാടി: സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ വ്യാഴാഴ്ച തോറും നടത്താറുണ്ടായിരുന്ന സ്വലാത്ത് മജ്ലിസ് നാളെ (ജൂലൈ 23) മുതല്‍ വ്യാഴ്ചാഴ്ചകളില്‍ ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേക്ഷണം ചെയ്യുമെന്ന് മഖാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ തീരുമാനം.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തീര്‍ത്ഥാടകര്‍ക്കു മഖാം സന്ദര്‍ശനത്തിനും സ്വലാത്ത് മജ്ലിസില്‍ സംബന്ധിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
രണ്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള മമ്പുറം സ്വലാത്തിന്ന് ഇതുവരെ മുടക്കമുണ്ടായിട്ടില്ല എന്നതാണ് ചരിത്രം. മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ തന്റെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ മരണാനന്തരം ആരംഭിച്ചതാണ് സ്വാലാത്ത് മജ്ലിസ്. പ്രളയ കാലത്തും ഇപ്പോള്‍ കോവിഡ് നിയന്ത്രണ സമയത്തും മഖാം ജീവനക്കാര്‍ മാത്രം ചേര്‍ന്നാണ് മുടക്കം കൂടാതെ സ്വലാത്ത് നടത്തി വന്നിരുന്നത്.
വ്യാഴാഴ്ചകളില്‍ മഗ്രിബ് നമസ്‌കാരാനന്തരം മമ്പുറം മഖാമിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലുമായിരിക്കും പ്രക്ഷേപണം.
തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ സംവിധാനമെന്നും കോവിഡ് സമൂഹ വ്യാപനം നടക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാലും സ്വലാത്തിനായി വിശ്വാസികളാരും മഖാം പരിസരത്തേക്ക് എത്തരുതെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇതു സംബന്ധമായി നടന്ന മഖാം ഭാരവാഹികളുടെ കൂടിയാലോചനാ യോഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, കെ.പി ചെറീത് ഹാജി, എം.പി സിദ്ദീഖ് ഹാജി, എ.വി സൈതു ഹാജി, എന്‍.കെ ഇബ്രാഹീം ഹാജി, പി.കെ അബ്ദുന്നാസര്‍ ഹുദവി, എം.കെ ജാബിറലി ഹുദവി, വി. ജാഫര്‍ ഹുദവി, സയ്യിദ് ഷാഹുല്‍ ഹമീദ് തങ്ങള്‍ ഹുദവി, ഷഫീഖ് എന്‍ ഹുദവി, സലീം പി.സി, ഫൈസല്‍ ടി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *